-സോഫിയ ഫിറോസ്

തൊടിയില്‍ പാഴിലകളുടെ അനക്കം .പടിഞ്ഞാറന്‍ കാറ്റിനു ഇളം ചൂട് . ഉച്ചവെയില്‍ ജനാലയിലൂടെ തറയില്‍ ഇലകളുടെ കരി നിഴല്‍ ചിത്രങ്ങള്‍ തീര്‍ത്തു ജീവനുള്ള ചിത്രങ്ങള്‍..!ഇന്നാണ് പോകേണ്ടത് ..പക്ഷെ .ഒന്നിനും തോനുന്നില്ല… ഏതിനും ഒരു മടി ..എന്തൊക്കെയോ വാങ്ങിക്കണം , എന്തൊക്കെയോ എടുത്തു വെയ്ക്കണം , ആരോടൊക്കെയോ പറയണം എന്നോക്കെയുണ്ടായിരുന്നു , ഒക്കെ മറന്നു ..അതൊരു കണക്കിന് അനുഗ്രഹം ആണ് ഇപ്പോള്‍ ഈ മറവി …അവളുടെ ചുണ്ടില്‍ വേദന കലര്‍ന്ന ഒരു ചിരി മിന്നി മറഞ്ഞു.. ഇപ്പോള്‍ ശാന്തമാണ് ഇവിടം..കാറ്റ് ഒന്ന് അടങ്ങിയപ്പോള്‍ കരിയിലകളും നിശ്ശബ്ധമായിരിക്കുന്നു …
“ദാ…ഇതുകൂടി വെച്ചോ ..നിനക്കിഷ്ടപ്പെട്ട ഉപ്പിലിട്ട മാങ്ങയാ” ഉമ്മയുടെ സ്വരം അവളുടെ ചിന്തയുടെ ചരട് മുറിച്ചു ..ഉമ്മയ്ക്കെന്നും ഒരു കൊതിപ്പിക്കുന്ന മണമാണ് ..കഞ്ഞി മുക്കിയ കോട്ടന്‍ സാരി യുടെയും കാച്ചിയ എണ്ണയുടെയും വാസന സോപ്പിന്റെയും ഒക്കെ കൂടി കലര്‍ന്ന ഒരു വശ്യ സുഗന്ധം ..!ഇന്ന് മുതല്‍ ഇതും ഒരു നഷ്ടമാണ് …” തലയില്‍ കുറച്ചു എണ്ണ ഇട്ടു കുളിചൂടായിരുന്നോ നിനക്ക് ? അതിനു ആ ശീലമൊക്കെ കളഞ്ഞല്ലോ ” പരിഭവത്തില്‍ പൊതിഞ്ഞ നനവാര്‍ന്ന വേദന കലര്‍ന്ന സ്വരം അവളുടെ മനസ്സില്‍ തട്ടി ഉരുകി ..ഉമ്മയെ ഒന്ന് ഇറുകെ പുണര്‍ന്നു അവള് നിരുകില് അധരങ്ങള്‍ അമര്‍ത്തി ..കുറച്ചു നേരം അങ്ങിനെ നിന്നു..പിന്നെ വീണ്ടും പെട്ടി ഒരുക്കുന്ന ജോലിയിലേക്ക് മടങ്ങി ..
ധൃതിയില്‍ കണ്ണാടിയില്‍ നോക്കി മുടി അലസമായി കെട്ടി വെയ്കുമ്പോള്‍ ആണ് അങ്ങിങ്ങായി വെള്ളി നൂല് പോലെയുള്ള നര കാണുന്നത് .കണ് തടത്തിനു.കീഴില്‍ ഉള്ള വരയ്ക്കു കറുപ്പ് തെളിഞ്ഞു വന്നിരിക്കുന്നു മനസ്സിലെ ഭാരിച്ച ചിന്തകളുടെ വേലിയേറ്റം കണ്ണുകളില്‍ നിഴലിച്ചു കാണാം വായിച്ചെടുക്കാന്‍ തക്ക വണ്ണം….! തന്നില്‍ നിന്ന് താനറിയാതെ നിറങ്ങള്‍ പോലും ഓടിയൊളിക്കുന്നു …വെള്ള വസ്ത്രങ്ങളോട് പ്രിയം കൂടുന്നു ..
പുറത്തു ഒരു വാഹനത്തിന്റെ ഇരമ്പല്‍ .. സമയമായി ..പിന്നെ എല്ലാം ഒന്ന് വേഗതയില്‍ ആക്കി . കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞു എല്ലാവരോടും നിറഞ്ഞ കണ്ണുകളെ കണ്ടില്ലെന്നു നടിച്ചു അവള് ഇറങ്ങി ..എന്തോ ……..വേണമെന്ന് വച്ചിട്ടും ഈ കണ്ണുകളില്‍ നനവ് പടരുന്നില്ല കണ്ണുകളുടെ ഈ കുസൃതി കൊണ്ടാവാം ”ധിക്കാരി ” “ജാടക്കാരി ” “തന്റെടി” എന്നീ വിശേഷണങ്ങള്‍ അവള്‍ക്കു സ്വന്തമാണ് ..! “മാറിയിരുന്നോളൂ ഇന്ന് ഞാന്‍ ഡ്രൈവ് ചെയ്തോളാം കുറെ ആയില്ലേ …” ഡ്രൈവര്‍ രാമേട്ടന് സ്നേഹം കലര്‍ന്ന വിനയത്തോടെ മാറി ഇരുന്നു …പാടത്തിന്റെ കരയിലൂടെയുള്ള നീണ്ട വഴിയിലൂടെ വാഹനം പതുക്കെ ഒഴുകി നീങ്ങി …തന്റെ പ്രിയ ഗാനങ്ങള്‍ അടങ്ങിയ cd നേരത്തേ തന്നെ രാമേട്ടന് പ്ലേ ചെയ്തു വച്ചിരുന്നു “പ്രാവുകള്‍ കുറുകുന്നു …മനസ്സില്‍ പ്രണയം ഉരുകുന്നു …..” മനസ്സിനെ എവിടെയൊക്കെയോ കൊണ്ട് പോകുന്ന ശബ്ദ ലയം…
പാടത്ത് നിന്ന് ചൂടില്‍ ഉയര്‍ന്നു പൊങ്ങുന്ന ആവിയില്‍ പച്ച നെല്കതിരിന്റെ മണവുമായി വരുന്ന ഉഷ്ണ കാറ്റ് മുഖത്ത് തട്ടി പോകുന്നു .. കുറച്ചു കൂടി പോയാല്‍ വിശാലമായ ആമ്പല്‍ പാടത്തിന്റെ കരയിലൂടെയാണ് യാത്ര …ആ ചിന്ത അവളില്‍ തെല്ലിട ഒരു ഉന്മേഷം നിറച്ചു … വാഹനത്തിന്റെ വേഗം കൂടി നേരത്തേ എത്തിയാല്‍ കിട്ടുന്ന കുറച്ചു സമയം അവിടെ ചിലവഴികാം …ഇനി ഒരിക്കലും ആ വഴി പോകാന്‍ പറ്റിയില്ലെങ്കിലോ? അപ്പോഴേയ്കും വൈകുന്നേരം ആകും …സായാഹ്നങ്ങളില്‍ അവിടുത്തെ കാഴ്ചകള്‍ അവള്‍ക് എന്നും ഹൃദ്യമായിരുന്നു .പ്രഭാതങ്ങളിലെ ശാന്ധതയില് ആമ്പല്‍ പാടങ്ങളില്‍ മഞ്ഞു പെയ്തിറങ്ങുന്നതും , സൂര്യ കിരണങ്ങള്‍ ഏറ്റു ചിരിക്കുന്ന വെളുത്ത ആമ്പല്‍ പൂക്കളുടെ ഉത്സവവും എന്നും അവള് മനസ്സില്‍ ഓര്‍ക്കുന്ന ചിത്രങ്ങളായിരുന്നു …പക്ഷെ …
“മാളുവേ ..വലത്തോട്ടാണ് ട്ടോ ” സ്വന്തം ശിരസ്സില്‍ അവള് പതുക്കെയൊന്നു തട്ടി ..അബദ്ധം പിണഞ്ഞ കൊച്ചു കുട്ടിയെ പോലെ ..ഇനി ഈ വഴി തുടങ്ങുകയായി അറ്റം കാണാത്ത ആമ്പല്‍ പാഠങ്ങള്‍ !..അവള് കാര്‍ നിറുത്തി ..
..” കുറച്ചു നേരം കഴിഞ്ഞു പോകാല്ലേ രാമേട്ടാ ?…
“…ഓ…ഞാനൊന്ന് പുകച്ചിട്ടു വരാം …വല്ല ചായയോ മറ്റോ ….? ”
“ഏയ് …ഒന്നും വേണമെന്നില്ല …..രാമേട്ടന് പോയി കഴിച്ചു വന്നോളൂ …ട്ടോ…”
“ഓ….”
അവള് കാറ്റത്ത് അനുസരണ ഇല്ലാതെ പാറികളിക്കുന്ന നീണ്ട മുടി അലസമായി കെട്ടി വച്ചു. സായാഹ്ന സൂര്യന്റെ ചെന്നിറം അവളുടെ മുഖം തെല്ലു ചുവപ്പിച്ചു ..
“നിന്റെ മനസ്സില്‍ എന്ത് തോനുന്നു ഇപ്പോള്‍ ? “
“ഈ പൂക്കളില്‍ ഒരു പൂവായത് പോലെ തോന്നുവാ …”
“ഊം….”
എന്നും മിഴി പൂട്ടാതെ ചിരിച്ചുകൊണ്ടിരിക്കാന്‍ ..ഈ കഴുകിതുടച്ചത് പോലെയുള്ള ആകാശത്ത് തിളങ്ങുന്ന സൂര്യനെയും , മിന്നുന്ന നക്ഷത്രങ്ങളെയും പെയ്തിറങ്ങുന്ന മഞ്ഞും കണ്ടുകൊണ്ടു അവസാനം വരെ ……”
“ആ പൂവിനു അവകാശികള്‍ ആരെങ്കിലും വന്നാലോ ? “
“എന്റെ ലോകത്ത് ഇടം കുറവാണ്….നിനക്കറിയില്ലേ …”
“ഒരിക്കല്‍ നിന്റെ ലോകം വലുതായാലോ “
” ആ ലോകം മുഴുവന്‍ നിന്റെ ഗന്ധം നിറയും …നിന്റെ മുഴങ്ങുന്ന ശബ്ധതാല്‍ മുഖരിതമാകും എന്റെ ലോകം…!..”
അവന് ചിരിച്ചു …നെറ്റിയിലേക്ക് അലസമായി ഒഴുകുന്ന മുടിയും ..വെള്ളാരം കണ്ണുകളും സൂര്യന്റെ പോക്കുവെയില്‍ ഏറ്റു കൂടുതല്‍ സുന്ദരമായത് പോലെ തോന്നി അവള്‍ക്…
“നിനക്കോ ?”
അവനിലേക്ക് പതിയെ ചാരി അസ്തമയ സൂര്യനിലേക്കു കണ്ണ് നാട്ടു അവള് ചോദിച്ചു ..ഒരു ചെറു പുഞ്ചിരിയോടെ ഒരു കളിമണ്ണ് ചെപ്പ് അവന് അവളുടെ ഉള്ളം കയ്യില്‍ വെച്ചു..അവള് അത് തുറന്നു ..അതില്‍ നിറയെ ചോര തുള്ളികള്‍ പോലെയുള്ള മഞ്ചാടി കുരു …! ഒരു കറുത്ത മഷി പേനയും ! “എന്റെ ഹൃദയമാണ് ! “…വീശിയടിച്ച ഈറന്‍ കാറ്റില്‍ അവന്റെ സ്വരം അവള് കേട്ടു..ചോദ്യങ്ങള്‍ നിഴലിട്ട നിറഞ്ഞു വരുന്ന കണ്ണുകളാല്‍ അവള് അവനെ നോക്കിയപ്പോള്‍ അവന് ദൂരേയ്ക്ക് വിരല്‍ ചൂണ്ടി….ആമ്പല്‍ പാടത്തിന്റെ അങ്ങേ അറ്റത്ത് പകുതിയോളം മറഞ്ഞ സൂര്യന് വല്ലാത്ത വശ്യ ഭംഗി …വെളുത്ത പൂകള് ഇളം ചുവപ്പ് നിറം ചൂടിയിരുന്നു അപ്പോള്‍ …!
അവള് ബാഗ് തുറന്ന് ആ വെളുത്ത കടലാസ് പെട്ടി കയ്യില്‍ എടുത്തു പാടത്തിന്റെ കരയിലെ പുല്ലില്‍ ഇരുന്നുകൊണ്ട് അവള് വിറയ്ക്കുന്ന കൈകളാല്‍ ആ പെട്ടി തുറന്നു..അതില്‍ ആ കറുത്ത മഷി പേനയും കളിമണ്ണ് ചെപ്പും ..! നെഞ്ചോടു ചേര്‍ത്തുപിടിച്ചു അല്പനേരം കണ്ണുകളടച്ചു ഇരുന്നു ..ജീവനുള്ളത് പോലെ ഒരു തുടിപ്പ് അവള്‍ക് അനുഭവപ്പെട്ടു !
” ചേച്ചീ പൂ വേണോ ? “
അവള് പതുക്കെ കണ്ണുതുറന്നു …ഒരുകയ്യില്‍ ഉയര്‍ത്തിപ്പിടിച്ച പൂകൂടയില്‍ മുല്ല , മറുകയ്യില്‍ ഉരുകി തീരാറായ ഐസ് ഫ്രൂട്ട് ..
“വേണോ ചേച്ചി ? “
“കുറച്ചു മതി ട്ടോ ” അവന് തീരാറായ ഐസ് ഫ്രൂട്ട് വലിച്ചെറിഞ്ഞ് മുഖം ചെരിച്ചു കൈകൊണ്ടു ചിറി തുടച്ചു …പിന്നെ കൂട താഴെ വെച്ച് ഒരു മുഴം അളന്നു പൊട്ടിച്ചു നീട്ടി …അവള് കാശ് കൊടുത്തു ..
“പത്തു രൂപയെ ആയുള്ളൂ ചേച്ചി ” അവന് ആ കാശ് അവളുടെ നേരെ നീട്ടി …അവള് പൂ മുടിയില്‍ തിരുകികൊണ്ട് അവനെ നോക്കി ചിരിച്ചു ..ഒരു പുഞ്ചിരിയോടെ ആ കാശ് അവന് കീശയില്‍ തിരുകി ..പിന്നെ ഒരു മൂളിപാട്ടോടെ ഓടിപ്പോയി ..
“ഇനി പോവാ ല്ലെ ?” നടന്നു അടുത്ത് എത്തിയ രമേട്ടനോടായി അവള് പറഞ്ഞു …അവള് ബാക്ക് സീറ്റില്‍ കയറി ..ഇനി സ്റ്റേഷന് എത്തുന്ന വരെ കുറച്ചു നേരം ഈ സായാഹ്ന ഭംഗിയില്‍ ലയിച്ച് ഓര്‍മ്മകളുടെ തിരകള്കിടയില് ഊളിയിട്ട് ….അങ്ങിനെ നൂലില്ലാ പട്ടം കണക്കെ …!…
” ഇനി ഇയ്യ് ഇവിടെ ഒരു നേരം നിക്കാന്‍ പാടില്ല ! നീ ഇയ്യ് ഒന്ന് തെണ്ടി നടക്കുന്നത് കാണണം ഇനിയെങ്കിലും .കുറെ കാലം സുഖായിട്ട് ഇവിടെ കഴിഞ്ഞു
കൂടിയില്ലേ
? എന്താച്ചാ എട്തിട്ടു പോയ്കോ പുറത്ത്…! “
കണ്ണുനീര് തീര്‍ത്ത മങ്ങിയ മറയിലൂടെ. അവള് അവസാനമായി എല്ലാവരെയും നോക്കി ..ഭാധ്യതകളുടെ ഭാണ്ട കെട്ടുകള്‍ .ഓരോന്നായി അഴിച്ചുകൊണ്ടിരുന്നു അവര്‍ ..
“അവനോ മനുഷ്യനെ കൊണ്ട് പറയിപ്പിച്ചു അവന്റെ പാട്ടിനു ..ഞി വരുവോ പൊവ്വുഓ എന്താച്ചാ ആയ്കോട്ടെ …ഇയ്യ് ഞങ്ങക്ക് ഇപ്പോത്തെ അവസ്തേല് ഒരു ഭാരം തന്നെയാണ് ..!..”
ശൂന്യമായ മനസ്സോടെ അവള് അന്ന് ആ പടികളിറങ്ങി ..ഇടറി വീഴാതിരിക്കാന്‍ നന്നേ പാടുപെട്ടു !
“ഒന്ന് അവിടെ നിക്ക് ” അത് അവനാണ് ..പേ പിടിച്ച നായയുടെ വായില്‍ നിന്നും ഉമിനീര് വരുന്നത് പോലെയാണ് അയാളുടെ വായില്‍ നിന്ന് വെള്ളം ഒലിക്കുന്നതു എന്നവള്‍ക്ക് തോന്നി .
.” ആരെന്തു പറഞ്ഞാലും അനക്ക് ഞാനില്ലേ …?..ഇയ്യ് ഇവിടെ റാണിയെ പോലെ കഴിയും …അവളൊക്കെ അവളുടെ പാട്ടിനു പോട്ടെ !…”
അയാളുടെ കണ്ണുകള്‍ ഒന്ന് തിളങ്ങി ..ദംഷ്ട്രകള്‍ നീണ്ടു വരുന്നുണ്ടോ ..? മുന്നിലെ കാഴ്ചകള്‍ മങ്ങുന്നത് പോലെ …പുക മറ തീര്‍ത്ത മഞ്ഞിനിടയിലൂടെ നീണ്ട നഖമുള്ള വിരലുകള്‍ നീണ്ടുവന്നു അവളുടെ കഴുത്തില്‍ പിടി മുറുക്കി ….ഒരിറ്റു ശ്വാസത്തിനായി അവള് കൈകാലിട്ടടിച്ചു പിടഞ്ഞു ! കണ്ണുകള്‍ തുറിച്ചു….!
‘സ്റ്റേഷന് എത്തി മാളു “
അവള് ഞെട്ടി എഴുന്നേറ്റു ….!…പുറത്ത് മഴ ചാറി തുടങ്ങിയിരുന്നു …ധൃതി പിടിച്ച ഒരു പുതിയ ലോകത്ത് എത്തിയ പോലെ ആകെ ഒരു ശബ്ദ കോലാഹലം ട്രാഫിക് ബ്ലോക്ക് ആണ് …
“എന്നാ ഞാന്‍ ഇറങ്ങുകയാ രാമേട്ടാ ….പോയി വര ട്ടോ
“ബാഗ് ഞാന്‍ എടുത്തോളാം മാളു “
“വേണ്ട രാമേട്ടന് പൊയ്ക്കോ എനിക്കിതൊക്കെ ഇപ്പൊ ഒരു ശീലമായില്ലേ !”
” സമയം വൈകിക്കേണ്ട മോള് ചെല്ല് “
“ഓ ….പിന്നെ കാണാം ..”
അവള് കൈവീശി …പിന്നെ ഓര്‍മകളില്‍ മുഴുകി അവള് റോഡിനു മറു വശത്തേയ്ക്ക് നടന്നു ..
ഒരു തീ വെളിച്ചം പോലെ എന്തോ ഒന്ന് വന്നിടിച്ചതായി തോന്നി …! ഒരു വല്ലാത്ത ശബ്ദം…! വായില്‍ നിറയുന്ന ചോര ചുവ …!വല്ലാത്ത ദാഹം ! നാവു ഉള്ളിലേയ്ക്ക് വലിയുന്ന പോലെ ..! ചെവിയ്ക്കരികില്‍ ഒഴുകുന്ന നനവിന് ചുവപ്പുനിറം ! ചുറ്റും കുറെ അവ്യക്ത മുഖങ്ങള്‍ നിലവിളിയോടെ ഉറ്റു നോക്കുന്നു ! ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചു ഒന്ന് പിടഞ്ഞു ..ഒരു തവണ മാത്രം…പിന്നെ ആ ചുണ്ടില്‍ ഒരു പുഞ്ചിരി മാത്രം മായാതെ അവശേഷിച്ചു…!
അയാളുടെ കാലിനു ചുവട്ടിലേയ്കായി ഒരു മണ് ചെപ്പു ഉരുണ്ടു വന്നു നിന്നു..അയാള്‍ അതെടുത്തു നോക്കി അതില്‍ കുറച്ചു മന്ജാടികുരുക്കള്‍..! എതിര്‍വശത്തായി ഒരു ജനക്കൂട്ടം !. “കുട്ടികളെ നോക്ക് …എന്താണെന്ന് നോക്കിയിട്ട് വരാം “..അയാള്‍ ഭാര്യയോടായി പറഞ്ഞു ആ ആള്കൂട്ടത്തിനു നേരെ നടന്നു …
അയാള്‍ കണ്ടു ചിതറി തെറിച്ച , ചുവന്ന മുത്തുകള്‍ ചൂടിയ ആ വെള്ള ആമ്പല്‍ പൂവിനെ …
ഒന്നേ നോകിയുള്ളൂ അയാള്‍ …
പിന്നെ തിരിഞ്ഞു നടന്നു ..ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ …വിങ്ങുന്ന ഹൃദയവുമായി ..മറ്റൊരു അനാഥ ഹൃദയം നെഞ്ചോടു ചേര്‍ത്തുപിടിച്ച് അയാള്‍ നടന്നു ……ആമ്പല്‍ പാടങ്ങളില്‍ അപ്പോള്‍ പെയ്തൊഴിഞ്ഞ മഞ്ഞിനോടുവില് മഴ പെയ്യുകയായിരുന്നു !…