![]() |
.കത്തുകയാണ് സൂര്യന്‍...!.
.കണ്ണ് വരണ്ടു പോകുമെന്ന് തോന്നിയപ്പോള്‍ അവള്‍ കണ്ണൊന്നു ചിമ്മി തുറന്നു
.വിയര്‍ത്തു നനഞ്ഞു വസ്ത്രം ശരീരത്തോട് ഒട്ടി ചേര്‍ന്നിരിക്കുന്നു .
."അമ്മെ " മകള്‍ തൊട്ടു വിളിച്ചു "ഇനിയും കുറെ പോണോ അമ്മെ ?"
ആ തളര്‍ന്ന മിഴികളിലെക്കും , പാറി പറന്ന മുടിയിഴകളിലെക്കും അവള്‍ നിര്‍വികാരതയോടെ നോക്കി ..
'വേഗം നടക്കു മോളെ "അവള്‍ പറഞ്ഞു
'അമ്മെ വെള്ളം വേണം " ഒക്കത്തിരിക്കുന്ന കുഞ്ഞി മോന്‍ അവളുടെ തളര്‍ന്ന മുഖം തന്‍റെ മുഖത്തിന് നേരെ തിരിച്ചു ..
" ദേ..അവിടെ ഒരു കിണറുണ്ട് ..അവിടെ എത്തിയാല്‍ വെള്ളം കിട്ടും ട്ടോ ...ദേ ഇപ്പൊ എത്തും മോനു..."അവള്‍ പറഞ്ഞു
ആ കുഞ്ഞി ചുണ്ടുകള്‍ ഒന്ന് വിതുമ്പി ..
അവള്‍ കുഞ്ഞിനെ തോളിലേയ്ക്കിട്ടു..
വിശപ്പിന്‍റെ ആളല്‍ കാരണം വയര്‍ ഒരു വേദനയോടെ ഉള്ളിലേയ്ക്ക് വലിയുന്ന പോലെ...
പക്ഷേ ഈ കുഞ്ഞി മുഖങ്ങളിലേയ്ക്കു നോക്കുമ്പോള്‍ ആ വേദന മെല്ലെ നെഞ്ചിലേയ്ക്ക് പടരുന്നു ..
മകളുടെ കൈ മുറുകെ പിടിച്ചു അവള്‍ ആ വഴിയിലൂടെ ഒന്ന് ആഞ്ഞു നടന്നു ..
ഈ വഴി എന്തേ ഇത്ര വിജനമായത് ..?
തിളയ്ക്കുന്ന ഉച്ച വെയിലും താനും കുട്ടികളും അല്ലാതെ വേറെയാരും ഈ ലോകത്ത് ഇല്ലെന്നു അവള്‍ക്ക് തോന്നി
അവളുടെ മനസ്സില്‍ ഒരു ഉഷ്ണ കാറ്റ് ആഞ്ഞു വീശി ..
"അമ്മെ ദേ കിണര്‍ ..വെള്ളം താ അമ്മെ "
കുഞ്ഞു മോന്‍ വരണ്ട ശബ്ധത്തില്‍ ചിണുങ്ങി ...
"ഇവിടെ നിലക്ക് ട്ടൊ രണ്ടുപേരും ..അമ്മ വെള്ളമുണ്ടോ എന്ന് നോക്കിയിട്ട് വരാം"
അവള്‍ കിണറിനു നേരെ നടന്നു
ഏതാനും കുറച്ചു പോട്ടുകല്ലുകള്‍ അടുക്കി ഒരു കിണര്‍ ഉണ്ട് എന്നറിയിക്കാന്‍ വേണ്ടി ഒരു മറ ..
അല്ലാതെ വേറെ ഒന്നും ഇല്ല..ഒരു തുള്ളി വെള്ളം കിട്ടാന്‍ ഒരു വഴിയുമില്ല ...
അവള്‍ മക്കളുടെ അടുത്തേയ്ക്ക് തളര്‍ന്നു നടന്നു
പ്രധീക്ഷയോടെ നാല് കുഞ്ഞി നക്ഷത്ര കണ്ണുകള്‍
അവളുടെ ജീവന്‍ വറ്റിയ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കി ...
ആ കണ്ണുകളില്‍ നിന്ന് തന്‍റെ മിഴികള്‍ പറിച്ചെടുത്ത് വിജനമായ ആ വഴിയിലേക്ക് ഒരിക്കല്‍ കൂടി
അവള്‍ പ്രതീക്ഷയോടെ നോക്കി ..
തീകാറ്റില്‍ പറന്നുയരുന്ന പൊടി...അതൊന്നടങ്ങിയാല്‍ ഇരു ഭാഗത്തും അറ്റം കാണാത്ത വീതിയേറിയ പാത ..
അവളില്‍ നിന്നൊരു നെടുവീര്‍പ്പുയര്‍ന്നു ...മോനെ വാരിയെടുത്ത് ഒക്കത്തിരുത്തി ..
മോളുടെ മുഖം ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു " കുറെ താഴെയാണ് വെള്ളം ..മോന്‍ കരയുന്നത് കണ്ടില്ലേ ?
നമുക്കെങ്ങിനെയും വെള്ളം എടുക്കണം ..വാ മോളെ.."
അവള്‍ അമ്മയുടെ കൈ പിടിച്ചു തുള്ളിച്ചാടി
അമ്മയുടെ കണ്ണിലെ കണ്ണുനീരിന്റെ തിളക്കം അവള്‍ കണ്ടില്ല ..
കിണറിന്റെ വക്കില്‍ വച്ച് അവള്‍ തന്‍റെ മക്കളെ ആഞ്ഞു പുല്‍കി
മാറി മാറി ഉമ്മ വച്ചു..
കുട്ടികള്‍ സന്തോഷത്തോടെ വെള്ളത്തിലേക്ക് നോക്കുന്നതിനിടയില്‍
അവള്‍ ഒരു വന്യമായ ആവേശത്തോടെ അവരെ ആഞ്ഞു തള്ളി...!
ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത ആ ഇരുട്ടിലേയ്ക്ക് !
" അമ്മേ .....!"
ഒരു ഞെട്ടലോടെ അവള്‍ ഉണര്‍ന്നു ..ആകെ നനഞ്ഞു വിറയ്ക്കുന്നു ..
ചാരിയിരിക്കുന്ന മരത്തിന്‍റെ മുകളിലേയ്ക്ക് അവള്‍ കണ്ണുകള്‍ പതുക്കെ തുറന്നു. .
മരത്തിന്‍റെ ഇലകളില്‍ നിന്ന് മുത്ത് മണികള്‍ പോലെ മഴത്തുള്ളികള്‍ മുഖത്തേയ്ക്കു വീണു തെറിക്കുന്നു !
"അമ്മേ ദേ ഒന്ന് നോക്യേ ...ഒന്ന് വേഗം വാ അമ്മേ ...മഴ ..! "
കുഞ്ഞി മോന്‍ അവളുടെ കൈ പിടിച്ചു വലിച്ചു
മോള്‍ അവളുടെ നീളന്‍ പാവാട പൊക്കി പിടിച്ചു മഴവെള്ളം കാലുകൊണ്ട് തെറിപ്പിച്ചു കളിക്കുന്നു
അവള്‍ കരഞ്ഞുകൊണ്ട് മക്കളെ ചേര്‍ത്തുപിടിച്ചു ഉമ്മകള്‍ കൊണ്ട് മൂടി
അവളുടെ മനസ്സിലെ ഉഷ്ണ കാറ്റ് ആ മഴയില്‍ അണഞ്ഞിരുന്നു ...
തന്‍റെ മക്കളെ ചേര്‍ത്ത് പിടിച്ചു ആവേശത്തോടെ അവള്‍ നടന്നു തുടങ്ങി
ഒരു പെരുമഴ പെയ്തു തോര്‍ന്ന പുതിയ പ്രഭാടതിലെയ്ക്ക് ....!
( ജീവിതത്തില്‍ ഒരു പുതു മഴ ഇനിയും പ്രതീക്ഷിച്ചുകൊണ്ട് .........സോഫി ..)
No comments:
Post a Comment